2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

"JANMANTHARANGAL"

രാത്രിവളരുന്തോറും ആശുപത്രി വരാന്തയിൽ ജനത്തിന്റെ തിരക്ക് കുറഞ്ഞു.
ഈസ്റ്റ് ബ്ലോക്കിൽ  മുറി ഉണ്ടെങ്കിലും വരാന്തയിൽ തന്നെ കാത്തിരിക്കുന്ന അപൂർവം പേരിൽ ഞങ്ങൾ
രണ്ടു പേരും  പെടും. ഒരുപാട് സംസാരിക്കുന്ന വെറോണിക്ക ചേച്ചിയും ഒട്ടും സംസാരിക്കാൻ വിഷയമില്ലാതെ ഞാനും.
കണ്ടാൽ അധികം പ്രായം തോന്നാത്തതുകൊണ്ട്  ഞാൻ പേര് വിളിച്ചപ്പോൾ
 " എനിക്ക് 80  നടുത്തായി പ്രായം; ചേച്ചി എന്ന് വിളിച്ചോളൂ.
"എന്നവർ പറഞ്ഞു. എന്റെയും അവരുടെയും ഭർത്താക്കന്മാർ ഐ സി  യു വിൽ അടുത്തടുത്ത് കിടപ്പാണ്.
ഇടയ്ക്കു മക്കൾ കാണാൻ വരുമ്പോൾ അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ  എന്റടുത്തു വരും. "കുട്ടി " എന്ന് എന്നെ വിളിക്കുമ്പോൾ
 കൊച്ചുമക്കളുള്ള എനിക്ക് ചിരി വരും. അവർക്കു നാല് പെണ്ണും മൂന്നു ആണും അങ്ങനെ   ഏഴു മക്കൾ. എല്ലാവരും ദൂരെയാണ്.
. "പെൺമക്കൾക്ക് വേണമെന്നുണ്ടെങ്കിൽ വന്നുനിൽക്കാം. പുറംരാജ്യങ്ങളിൽ
സെറ്റിൽഡ് ആയ അവർക്കുണ്ടോ വയസ്സായ അച്ഛനെ നോക്കാൻ സമയം.മൂത്ത
മകന്റെ ഭാര്യ ഉള്ളതുകൊണ്ട് എനിക്കൊന്നു വീട്ടിൽപോയി കുളിക്കാനും മറ്റും
കഴിയുന്നു."അവർക്കും രണ്ട് പെൺകുട്ടികളാണ്. മൂത്ത മകൻ അങ്ങ്
 അമേരിക്ക യുടെ പട്ടാളക്കാരനാണ്. അപ്പനെ നോക്കാൻ  രണ്ടുമാസം അവനുണ്ടായിരുന്നു.
അവൻ തന്നെ കണ്ടുപിടിച്ച അന്യജാതിക്കാരി പെൺകുട്ടിയോട്  ഒരിക്കലും അപ്പൻ പൊറുത്തില്ല; ഈ പതിനാറു വര്ഷം
 കഴിഞ്ഞിട്ടും." ഞാൻ  ആയമ്മയുടെ മുഖത്തേക്ക് മനസ്സിലായില്ലെന്നമട്ടിൽ നോക്കി."
തന്നെ...ഇപ്പോൾ ഓർമ്മയില്ലാതെ കിടക്കുന്നതുകൊണ്ടാ അവൾ നിൽക്കുന്നത്.
പതിനെട്ടു വർഷങ്ങൾക്കുമുൻപ്,അന്നവനു മുപ്പത്തെട്ടും ഇവൾക്ക് ഇരുപത്തേഴുമായിരുന്നു
പ്രായം. അവൻ ഏതോ സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയപ്പോൾ കണ്ടെടുത്ത
 പെണ്ണ്.അമേരിക്കക്കാരനാണെന്നു തെറ്റിദ്ധരിച്ചു കൂടെക്കൂടിയ പെൺകുട്ടി. ഒരിക്കലും
അമേരിക്കയിൽ താമസമാക്കാനാവില്ലെന്നു മനസ്സിയിലായപ്പോൾ  കാലം കടന്നിരുന്നു.
വൈകിയാണെങ്കിലും അവൻ ഇഷ്ടപെട്ട പെൺകുട്ടിയെ മനസ്സിൽ എനിക്കിഷ്ടമായിരുന്നു.
പള്ളിയിൽ വച്ച് കെട്ടണമെന്നൊരാഗ്രഹം
 മാത്രം അപ്പൻ പറഞ്ഞു. പക്ഷെ അവളുടെ വീട്ടുകാർ ഗുരുവായൂരമ്പലത്തിൽ
 വച്ച് ഹിന്ദു നിയമപ്രകാരം വിവാഹം നടത്തിയത് ഒരിക്കലും അപ്പൻ ക്ഷമിച്ചില്ല.
ഒരിക്കൽപോലും അപ്പൻ അവളെ ഞങ്ങളുടെ വീട്ടിൽ കയറ്റിയില്ല. അവൾ വന്നില്ലെന്നതാ
 നേര്. അവളിന്നും  ഓം എന്നെഴുതിയ താലിയാ ഇട്ടോണ്ട് നടക്കുന്നത്. 2 മക്കളെയും ഹിന്ദുവാക്കിയാ
വളർത്തുന്നത്. അതൊക്കെ ക്ഷമിക്കാം. അവൾ എന്റെ മോനെ ഒരിക്കലും അനുസരിച്ചിട്ടേയില്ല.
ഒന്നും ഇല്ലാത്ത വീട്ടിലെ മൂന്നു പെണ്മക്കളെയെല്ലാം അവരിഷ്ടപെട്ടവരുടെ   കൂടെ പറഞ്ഞയച്ചു 
അവരുടെ കൂടെ പോയി സുഖമായി താമസിക്കുന്ന അവളുടെ അച്ഛനമ്മമാർ. എന്റെ മോന്റെ
പണം മാത്രം അവളിഷ്ടപ്പെട്ടു. കൊട്ടാരം പോലെയുള്ള വീടും ഒന്നിലേറെ കാറുകളും. ഇഷ്ടമുള്ള
ആരുടെ കൂടെയും സമയമോ കാലമോ നോക്കാതെ  കാറുമായി കറങ്ങിനടക്കുവാൻ ഒരു നാണവുമില്ലാത്ത
പെണ്ണായി  അവൾ.  അവന്റെ കൂട്ടുകാർ അവനോടു പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാത്ത എന്റെ മകൻ.
 "  എങ്ങനെയായാലും ഏതെങ്കിലും അമേരിക്കക്കക്കാരനെ കല്യാണം കഴിച്ചിട്ട്
 ഞാനും എന്റെ മക്കളും അമേരിക്കയിൽ പോയിരിക്കും. "  ഇതൊക്കെ കേട്ട് തമാശയാണെന്നു
 വിചാരിക്കുന്നു എന്റെ മകൻ.      ഒരമ്മായിയമ്മയുടെ കുശുമ്പല്ലിതു. മക്കളെ വേലക്കാരിയുടെ
കൈകളിലിട്ടിട്ടാണ് അവളുടെ യാത്ര. ഇപ്പോൾ ഇവിടെ അപ്പന്റടുത്  നിൽക്കാനെന്നുപറഞ്ഞു
വീട്ടിൽനിന്നു പോരും. രാത്രി നമ്മുടെകൂടെ ഒരിക്കലെങ്കിലും അവളെ  കണ്ടിട്ടുണ്ടോ.  രാത്രി
കൊച്ചുമക്കൾ എന്നെ വിളിക്കും. മമ്മി അങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറയാൻ." ഞാനെന്തു പറയാൻ.
അപ്പന്റെ പേരിൽ  നാല്പത്തെട്ടു സെൻറ് സ്ഥലം ടൗണിലുണ്ട്. സെന്റിന് അമ്പതു ലക്ഷം വിലയുണ്ട്.
അതിന്റെ അവകാശം വാങ്ങാനാ അവളിപ്പോൾ  നടക്കുന്നത്. പത്തുപൈസ ഞാനവന് കൊടുക്കില്ല".
എന്ന അപ്പൻ ഓര്മയുള്ളപ്പോൾ പറഞ്ഞത്. ഇപ്പോൾ അപ്പന് ഓര്മയില്ലല്ലോ.എന്നോട് എന്നും ഓര്മപ്പെടുത്തും
നിങ്ങളുടെ മമ്മി ഇവിടെയെത്തിയില്ലെന്നു ഞാനെങ്ങനെ പറയാൻ.  *
വലിയ ഹോട്ടലുകളിൽനിന്നു
ഭക്ഷണം കഴിക്കുക,വിലകൂടിയ ഡ്രസ്സ് ഇടുക. ഇതൊക്കെ അവളുടെ വീക്നെസ്സുകളെന്നു
 ഒരമ്മായിയമ്മ എങ്ങനെ പറയാൻ. രാവിലെ വന്നാൽ എന്നെ സ്നേഹം കൊണ്ട് മൂടുന്ന
മരുമകൾ. നഴ്സുമാർ ഓക്കേ പറയും; "എന്ത് നല്ല മരുമകളെയാ ഈയമ്മയ്ക്കു കിട്ടിയേക്കുന്നത്.
 " ഓർമ്മയില്ലാതെ കിടക്കുന്ന അമ്മായിയപ്പനെ പകലെല്ലാം പൊന്നുപോലെ അടുത്തുനിന്നു
ശുശ്രുഷിക്കുന്ന  മരുമകളെ ഡോക്ടർമാർ പോലും വളരെ പ്രശംസിക്കുന്നു.  എനിക്ക്
എല്ലാമറിയാമെന്നവൾക്കറിയാം. "നിങ്ങൾ മോനോടെന്തു പറഞ്ഞാലും  
ഞാൻ പറയുന്നതേ  ആ മനുഷ്യൻ വിശ്വാസിക്കു.
അതുകൊണ്ട്  മിണ്ടാതിരുന്നാൽ പകൽ ഞാനിവിടെ നിൽക്കും.
നിങ്ങള്ക്ക് വീട്ടിൽപോയി റെസ്റ്റെടുക്കാം."
ആശുപത്രിയിൽ വന്നപ്പോൾ വളരെ കുറച്ചു ഡ്രെസ്സുമായി വന്നവൾ 
ഇന്ന് വിലകൂടിയ ഡ്രെസ്സുകൾ ദിവസേന മാറിമാറി ഇടുന്നു.
വൈകുന്നേരങ്ങളിൽ അമ്മായിയമ്മയ്ക്കു മുന്തിയ ഹോട്ടലിലെ
ഭക്ഷണം പാർസൽ വാങ്ങിക്കൊണ്ടുവരുന്നു. ഏതോ പാവത്തിന്റെ
കാശാണെന്നറിഞ്ഞുകൊണ്ടു ഈയമ്മ എല്ലാം അടക്കുന്നു.
ഇതിനു മാപ്പു കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
" ആയമ്മയുടെ കണ്ണീർ മനസ്സിലെവിടെയോ കൊടുങ്കാറ്റു സൃഷ്ടിക്കുന്നു.
 അതിലും വലിയ കൊടുങ്കാറ്റായി
എന്റെ മനസ്സിൽ വീശിയടിക്കുന്നു  ഐസിഇയുവിലെ കൊടുംതണുപ്പിൽ
 കണ്ണുമടച്ചു പാതി ജീവനുമായി എന്റെ ജീവിതം.

2017 ജൂൺ 10, ശനിയാഴ്‌ച

My blog: SINDHOORA SANDHYE

My blog: SINDHOORA SANDHYE:     സിന്ദൂരസന്ധ്യേ സിന്ദൂരസന്ധ്യേ നിൻറെ മന്ദാരപ്പൂങ്കവിളിൽ മന്മഥലീലകളോ സന്ധ്യതൻ തേനമൃതോ നിന്നുടെ വാർമുടിയിൽ തൂമഞ്ഞിൻ മൃദുകണങ്ങൾ ചേല...

2017 ഫെബ്രുവരി 4, ശനിയാഴ്‌ച

HRIDAYATHUDIPPUKAL

ഹൃദയത്തുടിപ്പുകൾ

ഒരച്ഛന്റെ സ്വപ്നങ്ങളിതാ
കത്തിച്ചാമ്പലായ്,
ഒരുപിടിച്ചാരമായി
കറുത്തു വികൃതമായി
മണ്ണിൽ കുമിഞ്ഞുകിടക്കുന്നു;
അച്ഛന്റെ കയ്യിലേൽപ്പിച്ചമ്മ
തനിയേ മടങ്ങിയപ്പോൾ
എനിക്കും നിന്നെത്തനിച്ചാക്കി
മടങ്ങാമായിരുന്നു;
നിന്റെ കൈ വളരുന്നൊ
കാലുകൾ തളരുന്നോ
എന്നോർമ്മിച്ചുറങ്ങാത്ത
എത്രയോ രാവുകൾ;
പകലുകൾ.
ഇരുപത്തഞ്ചു വർഷങ്ങൾ;
നിനക്കുവേണ്ടി എരിഞ്ഞുതീർന്ന
ഒരച്ഛനെ
ഒരു പ്രേമമെന്ന
നീർക്കുമിളയിൽ;
ജീവിച്ചുതീർക്കാൻ
ഇനിയും കാലമെത്ര ബാക്കി?
എന്നോർക്കാതെ
ഒന്നുമറിയാത്ത
ഒരുനിഷ്കളങ്ക ബാല്യവും
അഗ്നിയിലെരിയിച്ച
മുൻവിധിയില്ലാത്ത
കാലമേ;നീയെന്റെ
അരുമ മകൻ തന്നെയോ ?
Like
Comment

2016 ഡിസംബർ 9, വെള്ളിയാഴ്‌ച

MANASSILORU JWALA


                                                     മനസ്സിലൊരു  ജ്വാല 



ജയിൽവളപ്പിലെ മരങ്ങളുടെ നിഴലുകൾക്ക് മനുഷ്യരുടെ ഛായ. അഖിലേഷിന്
പതിവില്ലാത്തൊരു തളർച്ച തോന്നി.പെട്ടെന്ന് അമ്മയെ ഓർത്തുവോ താൻ?
'അമ്മ ഇപ്പോൾ എന്ത് ചെയ്യുകയാവും? ഈ ജയിലിൽ വന്നിട്ട് ഏതാണ്ട് മൂന്നു
 വർഷമായിരിക്കുന്നു.  അമ്മ തന്നെ  ഈ രീതിയിൽ കാണാതിരിക്കട്ടെ.
സ്വന്തം മകനൊരു കൊലയാളിയായി ശിക്ഷിക്കപ്പെട്ടു  ജയിലിൽ  കിടക്കുന്നതു
കാണാൻ ഏതൊരമ്മയാണ് ആഗ്രഹിക്കുക. ഞാനുൾപ്പെടെ എത്രയോ കുട്ടി
കൾക്ക് വെളിച്ചം പകർന്നു കൊടുത്ത അദ്ധ്യാപികയായിരുന്നു എന്റെ  അമ്മ.
ഞാൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചുപോയിരുന്നു.
അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണമ്മ വളർത്തിയത്. ഞാനും ഒരിക്കൽപോലും
അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുമില്ല;  25 വയസ്സുവരെ. എം പീ എ കഴിഞ്ഞു.ബാംഗ്ളൂരിലൊരു ജോലി
 ശരിയായപ്പോൾ അമ്മ ഒന്നുമാത്രമേ പറഞ്ഞുള്ളു. മറ്റുള്ളവരെ
വേദനിപ്പിക്കുന്ന ഒന്നും മോന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അമ്മയെ പിരിയുന്നതിലുള്ള
 വിഷമം പുറത്തുകാണിക്കാതെ അമ്മയെ കെട്ടിപ്പിടിച്ചു ഞാൻ വാക്കുകൊടുത്തു.
" ഒരിക്കലുമില്ല". 'അമ്മ റിട്ടയർ ചെയ്തു കഴിഞ്ഞാൽ എന്റെകൂടെ അമ്മയും ഉണ്ടാവുമല്ലോ?
അതുവരെ ഞാൻ അമ്മയുടെ പതിവ് നല്ല കുട്ടി തന്നെ ".
..................................
മനസ്സിലേക്കൊരു അഗ്നിഗോളം ഉരുണ്ടുരുണ്ടു കയറുന്നു........അമ്മയ്ക്കുകൊടുത്ത
വാക്ക് ഞാൻ തെറ്റിച്ചോ?.........തെറ്റിയിരിക്കണം.
അതാണല്ലോ 7  വർഷത്തേയ്ക്ക് ഞാൻ ഇവിടെ  എത്തിപ്പെട്ടത്?..ഒരിക്കലും
ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന്. വീണ്ടും വീണ്ടും മനസ്സിലേക്ക് തികട്ടിവരുന്നു.
.........................                .................................   .....................................   ..............................................
3  വര്ഷം മുൻപുള്ള ഒരോണക്കാലത്താണ് നീരജയെ ഞാൻ പരിചയപ്പെടുന്നത്‌.
തണുപ്പിൽ മൂടിയ  ബാംഗ്ലൂർ.ഓഫീസിൽ നിന്നിറങ്ങുമ്പോൾ വൈകിയിരുന്നു. വഴിയിൽ
 ഇരുൾ മൂടിയപോലെ. വളരെ പതുക്കെയാണ് ഞാൻ വണ്ടി ഓടിച്ചത്.
പെട്ടെന്ന്  2 പെൺകുട്ടികൾകൈവീശി അടുത്തേക്ക് വന്നു. സൈഡുഗ്ലാസ്സ് താഴ്ത്തി
കാരണം ചോദിച്ചു. പതിവുബസ് പോയിക്കഴിഞ്ഞു.ഞങ്ങൾക്ക്    അൽസൂർ
ലേക്കാണ്  പോവേണ്ടത് . സാർ ആ വഴിയെയാണെങ്കിൽ  ഞങ്ങളെ
ഒന്ന് ഡ്രോപ്പ് ചെയ്യാമോ.  ഒരു  പെൺകുട്ടി  ഇംഗ്ലീഷിലാണ്  സംസാരിച്ചതെങ്കിലും
  എന്തോ ഒരു സന്തോഷം തോന്നി. " ഞാൻ ആ വഴിയല്ല; എങ്കിലും ഈ നേരത്തു
നിങ്ങളെ   തനിയെ വിടുന്നത് ശരിയല്ലല്ലോ? "കയറിക്കോളൂ." അര മണിക്കൂർ കൊണ്ട്
അവരുടെ സ്ഥലമായി. ഇറങ്ങിയപ്പോൾ പെൺകുട്ടികളിലൊരാൾ "വളരെ നന്ദി  സർ".എന്ന് പറഞ്ഞു.
ഓ മലയാളിയാണല്ലോ' അന്യനാട്ടിലായതുകൊണ്ടാവാം നമ്മുടെ ഭാഷ കേട്ടപ്പോൾ
 മനസ്സിലെന്തോ ഒരു കുളിർമ. പിന്നീട് അവരുടെ കാര്യം മറന്നു. ദിവസങ്ങളും
 മാസങ്ങളും കടന്നുപോയി.
.........................................               ...........................................               .....................................................

ഒരുമാസത്തെ ലീവെടുത്തു് അമ്മയോടൊപ്പം ചിലവിടാനാണ് ഞാൻ നാട്ടിലെത്തിയത്.
എറണാകുളത്തുള്ള അമ്മയുടെ സഹപ്രവർത്തകയുടെ മകളുടെ കല്യാണം കൂടണമെന്നു
അമ്മയ്ക്കൊരാഗ്രഹം. ഒരിക്കലും എവിടെയും പോകാനിഷ്ടപ്പെടാത്ത അമ്മ ഇങ്ങനൊരാഗ്രഹം
 പറഞ്ഞപ്പോൾ ഞാനും തയ്യാറായി. വൈക്കത്താണ് കല്യാണവീട്. നേരെ അങ്ങോട്ട് വിട്ടു.
കല്യാണം കഴിഞ്ഞു. ഉണ്ണാനിരിക്കുമ്പോഴാണ്  ഒരു പെൺകുട്ടി അടുത്തേക്ക് വന്നത്. ഞാൻ
ഒട്ടും പ്രതീക്ഷിക്കാത്ത അതിഥി. ഞാൻ ലിഫ്റ്റ് കൊടുത്ത പെൺകുട്ടികളിൽ ഒരുവളായിരുന്നത്.
അമ്മയുടെ കണ്ണുകളിൽ ഒരു പ്രകാശം വിടരുന്നത് എനിക്ക് കാണാമായിരുന്നു.
പൊതുവെ അധികം ആരോടും അടുക്കാത്ത സ്വഭാവമാണെന്റേതു എന്ന് അമ്മയ്ക്കറിയാം. ആ
എനിക്കൊരു ഗേൾഫ്രണ്ട്‌ ഉണ്ടാവാൻ 'അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ പെൺകുട്ടി അങ്ങനെ
യാവും എന്ന്  കരുതിയാണെന്നു തോന്നുന്നു അമ്മയുടെ മുഖത്തൊരു കള്ളച്ചിരി  മിന്നി മറഞ്ഞു.
ആ പെൺകുട്ടി അടുത്തേക്കുവന്ന് അമ്മയെ വണങ്ങി. "സീതട്ടീച്ചറല്ലേ. എന്റമ്മ പറഞ്ഞറിയാം.
ഞാൻ നീരജ. വനജ ടീച്ചറുടെ സഹോദരന്റെ മകൾ." ..................
വനജടീച്ചറുടെ മകളുടെ കല്യാണത്തിന്  അവളെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിന്റെ
വഴിത്തിരിവായി. പിന്നീടങ്ങോട്ട്  യാത്രയിൽ ഞങ്ങൾ ഒന്നിച്ചായി. ഒരുപാട് അഴകില്ലെങ്കിലും
നല്ലൊരു പെൺകുട്ടി എന്ന് അമ്മയും പറഞ്ഞു. "നിങ്ങൾ ഒരേ നാട്ടിൽ ജോലി ചെയ്യുവല്ലേ.
നിനക്കിഷ്ടമാണെങ്കിൽ ഞാൻ വന്ജയോട് പറഞ്ഞു കല്യാണമുറപ്പിക്കാം." "വരട്ടെ.
നീരജയുടെ ഇഷ്ടമറിയട്ടെ. ഞാൻ പറയാം. അടുത്തദിവസം ഞാൻ വിഷയം അവതരിപ്പിച്ചു.
 "എനിക്കിഷ്ടം തന്നെ. കുറച്ചുനാൾ നമുക്ക് പ്രേമിച്ചു നടക്കാന്നേയ്."അവൾ തെന്നിമാറുക
യാണെന്ന് ഞാനെന്ന മണ്ടൻ  മനസ്സിലാക്കിയില്ല.
ജീവിതത്തിൽ ആദ്യമായി അടുത്തറിയുന്ന പെൺകുട്ടി.അമ്മക്കുട്ടി ആയതുകൊണ്ടാവാം
ഒരുപെൺകുട്ടിയോടും വലിയ അടുപ്പം തോന്നിയിട്ടില്ല.അമ്മക്കിഷ്ടപെട്ടില്ലെങ്കിലോ
എന്നായിരുന്നു ഉള്ളിൽ. ഈ പെൺകുട്ടിയെ മനസ്സാ അമ്മ അംഗീകരിച്ചിരുന്നു എന്ന്   എനിക്കറി
യാമായിരുന്നു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ
അവൾക്കു എന്നിൽ ഞാൻ സർവ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. എല്ലാവിധത്തിലും
ഞങ്ങൾ അടുത്തറിഞ്ഞു. ദിവസങ്ങൾ കടന്നുപോകുന്തോറും എനിക്കായിരുന്നു
പേടി.വിവാഹത്തിനുമുമ്പ് വല്ലതും
സംഭവിച്ചാലോ? "വല്ലതും സംഭവിച്ചാൽ....... "പേടിക്കണ്ടാട്ടൊ ...അതൊക്കെ ഞാൻ
മാനേജ് ചെയ്തോളാം"അവൾക്കൊരു കൂസലും ഇല്ലായിരുന്നു.
പിന്നീട് എല്ലാ വീക്കെന്ഡിലും അവൾ എന്റെ ഫ്ലാറ്റിലാണ്.എന്റെ ലാപ്ടോപ്പ്,പേഴ്സ് ഒക്കെ
അവളുടേത്‌ കൂടിയായിരുന്നു. ....
ഞാൻ വിവാഹത്തിന് നിർബന്ധം പിടിച്ചു. "ശരി ക്രിസ്തുമസ് അവധിക്കു
നാട്ടിൽ ചെല്ലുമ്പോൾ നമുക്ക് വിവാഹിതരാകാം." എന്റെ മനസ്സൊരു മയിലായി.വളരെക്കുറച്ചു
 സുഹൃത്തുക്കൾ,ഓഫീസിലെ സഹപ്രവർത്തകർ,കുടുംബക്കാർ ഒരുപാടുപേരുള്ളതിൽ ഏറ്റവും
അടുത്തവരെമാത്രം, ഇങ്ങനെയൊക്കെ മനസ്സുകൊണ്ട് ഞാനൊരു കല്യാണരാമനായി. എന്റെ
ബഹളമൊക്കെ കണ്ടു അവൾക്കൊരു തമാശയായിരുന്നു. ക്രിസ്തുമസിന് ഇനി 2  മാസം. അതിനിട
യിൽ അവൾ തനിയെ ഒന്നുരണ്ടുപ്രാവശ്യം നാട്ടിലേക്കു പോയിവന്നു. വന്നുകഴിയുമ്പോൾ മാത്രമേ
 ഞാൻ അറിഞ്ഞുള്ളു അവൾ നാട്ടിലേക്കു പോയിരുന്നു എന്ന് .
.............................                    .....................................                     ..........................................
അങ്ങനെ ക്രിസ്തുമസ് അവധിയായി. ഞാൻ ഒരുമാസം ലീവ് എടുത്തു. ഞാൻ തന്നെ ഞങ്ങൾ രണ്ടുപേർക്കും
 ടിക്കറ്റ്‌ എടുത്തു. യാത്രയിൽ മിക്കവാറും നീരജ നിശ്ശബ്‌ദയായിരുന്നു. "എന്തെ ഇയാൾക്ക് പേടിയോ അച്ഛനോട്
 പറയാൻ. ഞാനും അമ്മയും അമ്മാവന്മാരും ഒക്കെ കൂടി വന്നു പറയാന്നേയ്. ഞാൻ ലാഘവത്തോടെ പറഞ്ഞു.
 ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു. പുറത്തു ഇരുട്ട്  കോട്ടകെട്ടിയിരിക്കുന്നു. ഇരുളിൽ മിന്നിക്കത്തുന്ന ലൈറ്റുകൾ
 ഇടയ്ക്കിടെ കാണാം. എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ട്രെയിൻ കയറുന്നതിനുമുമ്പേ വാങ്ങിയ
ചപ്പാത്തിയും കുറുമയും ഞങ്ങൾ മാത്രം കഴിച്ചിട്ടില്ല." നമുക്ക് കഴിക്കാം". ഞാൻ പൊതി നീരജയ്ക്കു മുമ്പിലേക്ക്
നീക്കിവച്ചു. " എനിക്ക് ഒരുകാര്യം പറയാനുണ്ട്."നീരജ.
"പറഞ്ഞോളൂ".ഞാൻ. ....നമുക്ക് ആ ഇടനാഴിയിൽ നിൽക്കാം. " എന്താ കുട്ടിക്ക് പറ്റിയത് ".
വരൂ എന്നുപറഞ്ഞവൾ
എന്നെയും കൊണ്ട്   വാഷ്‌ബേസിനടുത്തേക്കു  നടന്നു.വേണ്ട

അവിടെ ഭയങ്കര കാറ്റാണ്;പുറത്തേക്കു വീണുപോകും. ഒന്നും കേൾക്കാതെ
അവളെന്റെ കയ്യിൽ പിടിച്ചു ഇടനാഴിയിലേക്ക് നടന്നു. സമയം രാത്രി 10  മണിയായി.
മറ്റുള്ളവർ ഉറക്കം തുടങ്ങിക്കഴിഞ്ഞു. ആരും ശ്രദ്ധിക്കുന്നതേയില്ല. "അഖിലേട്ടാ
ഞാൻ പറയുന്നത് മനസ്സിലാക്കണം. അച്ഛൻ മറ്റൊരാളുമായി എന്റെ കല്യാണം
തീരുമാനിച്ചു. അടുത്താഴ്ചയാണ് കല്യാണം. എന്നോട് ക്ഷമിക്കണം."നീരജയുടെ
വാക്കുകൾ എന്റെ തലയിൽ വീണ ബോംബായാണ്   എനിക്ക് അനുഭവപ്പെട്ടത്.
ഞാൻ തല കറങ്ങി വീണതാവാം.
കണ്ണുതുറന്നപ്പോൾ ചുറ്റും ആളുകൾ." താൻ ആ പെങ്കൊച്ചിനെ  പുഴയിലേക്ക് തള്ളിയിട്ട
തെന്തിനാ. "ദൈവമേ  നീരജ പുഴയിൽ വീണോ. ഒരെറുമ്പിനെപ്പോലും ജീവിതത്തിൽ
കൊന്നിട്ടില്ലാത്ത ഞാൻ,എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന
 നീരജയെ കൊന്നെന്നോ;അതും വെള്ളത്തിലേക്ക് തള്ളിയിട്ടു കൊന്നത്രെ
...............
.................                     ..........................
                        ................                    ........................

പിന്നീട് ഞാനെന്റെ  അമ്മയെ കണ്ടില്ല;ആരെയും കണ്ടില്ല. കോടതി, പോലീസ് ഒക്കെ
 ഏതോ സിനിമയിലെ രംഗങ്ങളായി മുന്നിലൂടെ കടന്നുപോയി. ഇപ്പോൾ 7
വർഷത്തെ ശിക്ഷയാണെന്നു സഹതടവുകാർ പറയുന്നു. ഞാൻ കൊന്നുവെന്ന്
പോലീസ്‌പോലും വിശ്വസിക്കുന്നില്ല. എല്ലാവരും വളരെ അനുകമ്പയോടെയാണ്
എന്നോട് പെരുമാറുന്നത്. എംബിഎ ക്കാരനായതുകൊണ്ടു ജയിലിലെ ജോലികൾ
ക്കുള്ളിൽ തലപൂഴ്ത്തി ഒന്നുമറിയാതെ ഞാൻ. ഇടയ്ക്കു എന്റെ ബോധമണ്ഡല
ത്തിൽ അമ്മയുടെ മടിയിൽ മുഖം  പൂഴ്ത്തിയിരിക്കുന്ന കൊച്ചുകുഞ്ഞായി ഞാൻ;
എന്റെ മോനൂന് ആരെയും കൊല്ലാൻ പറ്റില്ലെന്ന് പറയുന്ന എന്റെ അമ്മ;
മനസ്സിനുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തീച്ചൂളയിൽ  പനിനീർ തളിക്കുന്ന എന്റെ;
എന്റെമാത്രം അമ്മ!!!