2016 നവംബർ 21, തിങ്കളാഴ്‌ച

MANTHARA

ആദ്യമായി രാമായണകഥയിലെ,ആർക്കും മറക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ്
ഞാൻ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിങ്ങളറിയുമോ മന്ഥരയെ?
ദശരഥ പത്നിയായ കൈകേയിയുടെ ഇഷ്ട ദാസിയാണ് ഈ മന്ഥര.കൈകേയിയ്ക്കു രാമനോട് സ്വന്തം പുത്രനെക്കാൾ കൂടുതൽ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നത്, ഭൃത്യയായമന്ഥരയ്ക്ക് ഇഷ്ടമല്ലായിരുന്നു. എങ്ങനെയെങ്കിലും അവരെ തമ്മിലകറ്റാൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു അവർ.
അവർക്കു ലേശം കൂനുണ്ടായിരുന്നുവെന്നതൊഴിച്ചാൽ
വാക്ചാതുരി കൊണ്ട് ആരെയും വശീകരിക്കാൻ അസാമാന്യ
കഴിവുള്ള സ്ത്രീയായിരുന്നു അവർ. അവരുടെ ഏഷണിയിൽ തകർന്നു തരിപ്പണമായത്
ഒരച്ഛന്റെ സ്വപ്നങ്ങളായിരുന്നു; ഒരു ജനതയുടെ, ഒരു നാടിൻറെ, എന്തിന്?
ഒരു രാജകുലത്തിന്റെ അടിത്തറയായിരുന്നു.അതാണ് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് . രഘുവംശ രാജനായിരുന്ന ദശരഥൻ അയോദ്ധ്യ ഭരിച്ചിരുന്ന കാലം. ദശരഥരാജന് കൗസല്യ,കൈകേയി,സുമിത്ര
എന്നിങ്ങനെ 3 ഭാര്യമാരുണ്ടായിരുന്നു. കൗസല്യയുടെ
പുത്രൻ ശ്രീരാമൻ;കൈകേയിയുടെ മകൻ ഭരതൻ;
സുമിത്രയുടെ പുത്രന്മാർ ശത്രുഘ്‌നനും ലക്ഷ്മണനും.
കുമാരന്മാർ വളർന്നു വലുതായി. മൂത്തപുത്രനായ
ശ്രീരാമനെ യുവരാജാവായി വാഴിക്കാൻ ദശരഥ
മഹാരാജൻ തീരുമാനിച്ചു.അദ്ദേഹം ശ്രീരാമനെ
അടുത്തേക്ക് വിളിച്ചു ഇപ്രകാരം പറഞ്ഞു."മകനേ,
എനിയ്ക്കു വയസ്സായി. ഇത്രയും കാലംകൊണ്ട് ഞാൻ
നമ്മുടെ രാജ്യത്തിൻറെ യശസ്സും ഐശ്വര്യവും വർദ്ധി
പ്പിച്ചിട്ടേയുള്ളു. ഇനി രാജ്യത്തിൻറെ ഭരണാധികാരിയായി
ഞാൻ നിന്നെയാണ് അവരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
എനിക്കെന്തോ ആപത്തു വരുമെന്ന് മനസ്സ് പറയുന്നു.അതു
കൊണ്ടു അധികം താമസിപ്പിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
നാളെയാണ് നിന്റെ സിംഹാസനാരോഹണം.പ്രിയപ്പെട്ട മകനേ
നാളെത്തന്നെ ആവശ്യമായ വ്രതാനുഷ്ടാനങ്ങളോടെ തയ്യാറായി വരിക.
ശ്രീരാമൻ അച്ഛന്റെ വാക്കുകൾ ശിരസ്സാ വഹിച്ച് നേരെ പോയത്
അമ്മമാരേ കാണാനാണ്. അവിടെ കൗസല്യയും സുമിത്രയും സീതയും,
ലക്ഷ്മണനും ശ്രീരാമനെ സന്തോഷപൂർവം സ്വീകരിച്ചു.
"മകനേ പ്രജാക്ഷേമ തല്പരനായ രാജാവായിരിക്കുക. നിനക്ക്
എല്ലാ മംഗളങ്ങളും ഭവിക്കും" അവരെല്ലാവരും ശ്രീരാമനെ
അനുഗ്രഹിച്ചു. ശ്രീരാമൻ സീതയോടൊപ്പം കുലഗുരുവായ
വസിഷ്ടൻറെ നിർദ്ദേശാനുസരണം വ്രതാനുഷ്ടാനങ്ങളിൽ മുഴുകി........
രാജ്യമാകെ അണിഞ്ഞൊരുങ്ങി...ആളുകളെല്ലാവരും സന്തോഷ
സാഗരത്തിലാറാടുകയാണ്. ശ്രീരാമചന്ദ്രൻ അവരുടെ
രക്ഷകനാകുന്ന ദിവസം സമാഗതമാകുകയാണ്. അവർ
മംഗളഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും അവരുടെ
ഉത്സാഹം പങ്കു വയ്ക്കുകയാണ്....ഇതെല്ലം കണ്ടപ്പോൾ
കൈകേയിയുടെ ഭൃത്യയായ മന്ഥരയ്ക്ക് അസൂയ മൂത്തു.
അവർ കൈകേയിയുടെ കൊട്ടാരത്തിലേക്ക് പാഞ്ഞുചെന്നു.
സന്തോഷത്തോടെ വിശ്രമിച്ചിരുന്ന കൈകേയിയോട് വിളിച്ചു
പറഞ്ഞു.നിനക്ക് നാശമാണ് വരാൻ പോകുന്നത്.നിന്നെ രാജാവ്
വഞ്ചിച്ചിരിക്കുന്നു. നിന്റെ മകനായ ഭരതനെ അവന്റെ മാതുലന്റെ
അടുത്തേക്ക്
പറഞ്ഞുവിട്ടിട്ട് നാളെ ശ്രീരാമനെ രാജാവാക്കുന്നു.
ഇനി ഈ രാജ്യത്തിൻറെ അധിപൻ ശ്രീരാമനാവാൻ പോകുന്നു.
നിനക്ക് നാശം വരുന്നതും നോക്കി ഞാനെങ്ങനെ അടങ്ങിയിരിക്കും.
നിന്റെ രാജാവ് മധുരവചനം കൊണ്ട് നിന്നെ വഞ്ചിച്ചിരിക്കുന്നു.
കൗസല്യ നിന്റെ ശത്രുവാണ്. രാമൻ നാടുവാഴുമ്പോൾ ഭരതൻറെ
സ്ഥാനം എന്താവും. വീരനായ ഭരതനെ രാമൻ ഒരു ശത്രുവായല്ലേ
കാണുകയുള്ളു . നാളെ മുതൽ രാമമാതാവ് കൗസല്യയ്ക്ക് മുൻപിൽ
ഭരതമാതാവായ കൈകേയി കുമ്പിട്ടു നിൽക്കേണ്ടിവരുമെന്നു
നീ മറന്നോ? ഭൃത്യയുടെ വാക്കുകൾ കൈകേയിയെ വിസ്മയിപ്പിച്ചു.
"ശ്രീരാമൻ രാജാവായാൽ എനിക്കേറ്റവും സന്തോഷമായിരിക്കും.
സത്യവും വിനയവുമാണ് ശ്രീരാമന്റെ ഗുണങ്ങൾ.അവൻ സ്വന്തം
അമ്മയായാണ് എന്നെ
കാണുന്നത്. നീ രാമനെ ഒട്ടും പേടിക്കരുത്.
നിനക്ക് ഈശ്വരൻ സൽബുദ്ധി നൽകട്ടെ."
കൈകേയി ഭൃത്യയെ സമാധാനിപ്പിച്ചു.
"അല്ലയോ റാണി,രാമൻ രാജാവായിക്കഴിഞ്ഞാൽ
പിന്നീട് ഭരതന് രാജാവാകാം എങ്ങനെ പറ്റും?
രാമന്റെ കാലം കഴിഞ്ഞാൽ രാജ്യം പുത്രന്
കിട്ടും. പിന്നീട് അവന്റെ പുത്രൻ.
പിന്തുടർച്ചാവകാശം
അങ്ങനെ തുടർന്നുപോകും. ഒരിക്കലും ഭരതന്
രാജാവാകാൻ കഴിയില്ല. കൗസല്യക്ക് നിന്നോട്
അസൂയയുണ്ട്. മകൻ രാജാവായാൽ നിന്നോടു
കൗസല്യ പകരം വീട്ടും. റാണി, നീ എന്താണ്
ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം.
ഭരതനാണ് രാജാവാകേണ്ടത്. രാമൻ രാജ്യത്തുനിന്നും
നിഷ്കാസനം ചെയ്യപ്പെടണം." മന്ഥരയുടെ
കുടിലബുദ്ധിയിൽ കൈകേയിയുടെ മനസ്സിൽ ഭയം
വേരോടി." രാജ്യാഭിഷേകത്തിനു ഭാരതാനില്ലാതെ
നാളെത്തന്നെ
നടത്തേണ്ട കാര്യമുണ്ടോ? മനപ്പൂർവം ഭരതനെ
മാറ്റിനിർത്തിയതല്ലേ" അവർ വീണ്ടും കൈകേയിയുടെ
മനസ്സ് കയ്യിലെടുത്തു. ഏതുസ്ത്രീയെയും പോലെ നിമിഷനേരത്തേക്ക്
കൈകേയി ഒരു സാധാരണ സ്ത്രീയായി. " എന്റെ മകൻ ഒരു സാധാരണ
പൗരനായി നിൽക്കുക ; ഞാൻ കൗസല്യയുടെ ഭൃത്യയാകേണ്ടിവരിക.
ഞാനെന്തുചെയ്യും. എനിക്കൊരു വഴി പറഞ്ഞു തരു " കൈകേയി
തളർന്നു. വൃദ്ധദാസി ഇതൊരു അവസരമാക്കി. "പണ്ട് ദേവാസുര
യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ ദശരഥരാജാവ് ദേവലോകത്തു
പോയപ്പോൾ കൂടെ ദേവിയുമുണ്ടായിരുന്നില്ലേ. ശംബരനെന്ന
അസുരന്റെ മായായുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കുന്നതിനിടയിൽ
രാജാവിന്റെ തേരിന്റെ ചക്രം ഊരിപ്പോകാൻ തുടങ്ങിയപ്പോൾ
ചാവി അമര്ത്തിപ്പിടിച്ച് തേരിനു കേടു പറ്റാതെ സൂക്ഷിച്ചത് റാണിയല്ലേ?
അന്ന് സന്തുഷ്ടനായ രാജാവ് റാണിയോട് ഇഷ്ടമുള്ള രണ്ടു വരം
ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഓർക്കുന്നില്ലേ. ആവശ്യം വരുമ്പോൾ
ആവശ്യപ്പെടാം എന്ന് ദേവി പറയുകയും ചെയ്തിരുന്നു. ഇപ്പോൾ
ആ വരം ചോദിക്കുക. ഒന്നാമത് ഭരതനെ രാജാവായി
വാഴിക്കുക; രണ്ടാമത് രാമനെ 14 വർഷത്തേക്ക് വനവാസത്തിന്
അയക്കണം. ദാസിയുടെ ബുദ്ധിയിൽ കൈകേയി വീണു.
അവർ രാജാവിനെ കാത്തിരുന്നു.ഇതൊന്നുമറിയാതെ
ദശരഥൻ സന്തോഷത്തോടെ കൈകേയിയുടെ അടുത്തെത്തി.
കൈകേയിയുടെ ദുഃഖഭാവ ത്തിന്റെ കാരണം ആരാഞ്ഞു.
പണ്ട് നൽകാമെന്ന് പറഞ്ഞിരുന്ന രണ്ടു വരങ്ങൾ റാണി
ആവശ്യപ്പെട്ടു. ദശരഥൻ നടുങ്ങി. "രാമൻ ധർമ്മാവ
താരമാണെന്നു നിനക്കറിയില്ലേ.രാമൻ നിന്റെയും
മകനല്ലേ"എന്നൊക്കെ ദശരഥൻ ന്യായവാദം
ഉന്നയിച്ചെങ്കിലും കൈകേയി അണുവിട മാറാൻ തയ്യാറായില്ല.
സത്യത്തിന് വില കൽപ്പിക്കുന്ന രാജാവ് കൈകേയിയുടെ
ആഗ്രഹം സാധിച്ചുകൊടുത്തു. തീരാദുഃഖത്താൽ തളർന്നു വീണ
ദശരഥൻ നാടുനീങ്ങി. ശ്രീരാമൻ വനവാസത്തിന് പോയി.
ഭരതൻ വിവരമറിഞ്ഞു ദുഃഖിതനായി. ജ്യേഷ്ഠനെ അന്വേഷിച്ചു
വനത്തിലെത്തി. ശ്രീരാമൻ ഭരതന് ധർമ്മോപദേശം നൽകി നാട്ടിലേക്കു തിരിച്ചയച്ചു.
ഇതിനെല്ലാം കാരണക്കാരിയായ ഒരു മന്ഥര ഇല്ലായിരുന്നെങ്കിൽ രാമായണകഥ
ഇങ്ങനെയൊന്നുമാകില്ലായിരിക്കാം. വിധിവിഹിതമാവാം. ഇതെല്ലം കണ്ടു മന്ഥര
സന്തോഷാശ്രു പൊഴിക്കുന്നുണ്ടാവാം. കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണുമല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ